Latest Updates

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി  സി പി രാധാകൃഷ്ണന്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍ പൊതുവേദിയിലെത്തുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1957 ഒക്ടോബര്‍ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണന്‍ ആര്‍എസ്എസ് അംഗമായാണ് പൊതുജീവിതം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (BBA) ബിരുദം നേടി. 1998-ലും 1999-ലും കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice